
ശാസ്ത്ര/ശാസ്ത്ര-സാങ്കേതിക വിദ്യാര്‍ഥികളെ സാമൂഹിക ശാസ്ത്ര വിഷയങ്ങള്‍ക്കൂടി പഠിപ്പിക്കാനുള്ള തീരുമാനം ഒറ്റ നോട്ടത്തില്‍ വളരെ പുരോഗമനപരമായ ഒന്നാണെന്ന പ്രതീതി ജനിപ്പിക്കുന്നുണ്ട് . എല്ലാ വിദ്യാര്‍ഥികളെയും രാഷ്ട്രീയ- സാമൂഹികാവബോധം ഉള്ളവരാക്കുക എന്നതല്ലേ ഇവിടത്തെ ഓരോ രാഷ്ട്രീയ ജീവിയും സ്വപ്നം കണ്ടത്? പിന്നെ എന്താണ് പ്രശ്നം? ഇതിന് ഉത്തരം ലഭിക്കണമെങ്കില്‍ അഥവാ,യു.ജി.സി യുടെ ഈ തീരുമാനം എങ്ങനെയാണ് വീപരീത ഫലം ഉളവാക്കുക എന്ന് വ്യക്തമാകണമെങ്കില്‍ നമ്മുടെ കലാലയങ്ങളില്‍ എന്ത് സാമൂഹിക ശാസ്ത്രമാണ് പഠിപ്പിക്കപെടുന്നത് എന്ന് വിമര്‍ശനാത്മകമായി വിലയിരുത്തേണ്ടതുണ്ട്. അടിക്കടിയുണ്ടാകുന്ന മനുഷ്യാവകാശ പ്രശ്നങ്ങളോടും, നീതി നിഷേധത്തോടും, ഭരണകുട ഭീകരതയോടും, അഴിമതിയോടുമൊക്കെ പ്രതികരിച്ചുകൊണ്ട് യുവജനങ്ങള്‍ ലോകമെമ്പാടും തെരുവില്‍ ഇറങ്ങുന്ന ചരിത്ര ഘട്ടത്തില്‍ നാഷണല്‍ ഇന്‍റഗ്രെഷന്‍ കൌണ്‍സില്‍ യു.ജി.സി. യെ കൂട്ടുപിടിച്ച് രാജ്യത്തെ കലാലയങ്ങള്‍ ''ഡി -റാഡിക്കലൈസ്' ചെയ്യാന്‍ ശ്രമിക്കുന്നു എന്നത് ഈ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ ഒരു വലതുപക്ഷ അജണ്ട എന്ന നിലയില്‍ മാത്രമേ കാണാന്‍ സാധിക്കൂ.
നമ്മുടെ സ്കൂള്‍ തലം മുതല്‍ മുകളിലേക്ക് ഓരോ ക്ലാസുകളിലും പഠിപ്പിക്കപെടുന്ന സാമൂഹിക ശാസ്ത്രത്തിന്‍റെ രാഷ്ട്രീയത്തെപറ്റി , മികച്ച രാഷ്ട്രീയ- സാമൂഹിക ബോധമുള്ള കുറെ അദ്ധ്യാപകരുടെ രാഷ്ട്രീയത്തെ, ബോധ്യങ്ങളെ ക്ലാസ് റൂമുകളില്‍ നമ്മുടെ പാഠപുസ്തകങ്ങള്‍ അട്ടിമറിക്കുന്ന വിധങ്ങളെപറ്റി ഗൌരവപരമായി ചിന്തിക്കേണ്ടതുണ്ട്. ശരിയായ വിദ്യാഭ്യാസം ഒരുവനിലെ വിപ്ലവബോധത്തെ ഉണര്‍ത്താന്‍ പര്യാപ്തമാണ് എന്ന ചിന്ത ഇവിടത്തെ ഓരോ വലതുപക്ഷ ബൂര്‍ഷ്വാസിക്കും ഡെമോക്ലീസിന്‍റെ വാളാകുന്നുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ വലതുപക്ഷ കുത്തകകള്‍ നടത്തുന്ന ഇടപെടലുകളും ഉള്‍ക്കളികളും നഗ്നമാണെന്നതുകൊണ്ട് നമ്മുടെ സാമൂഹിക ശാസ്ത്ര അധ്യാപനത്തിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയവും യാഥാസ്ഥിതികത്വവും തെല്ലും അത്ഭുതത്തിന് വഴിവയ്ക്കുന്നില്ല. ഒരുവനില്‍ രൂപപെടുന്ന താര്‍ക്കിക ബോധവും യുക്തിചിന്തയും , വിപ്ലവ മോഹവും എല്ലാം തുടക്കത്തിലേ പാടെ നുള്ളിക്കളയാന്‍ പര്യാപ്തമാക്കി നിര്‍ത്തിയിരിക്കയാണ് നമ്മുടെ സാമൂഹിക ശാസ്ത്ര ക്ലാസുകള്‍. .ഈ തീവ്ര വലതുപക്ഷ റിപ്പെയര്‍ ഷാപ്പുകളിലെക്കാണ് ശാസ്ത്ര ബോധമുള്ള , യുക്തിബോധമുള്ള ജീവികളെ പ്രവേശിപ്പിക്കാന്‍ യു.ജി.സി. തുനിയുന്നത് .
ഏതു നൂറ്റാണ്ടിലേതാണ് നമ്മുടെ സിലബസുകള്‍? പുതിയ കാലത്തിന്‍റെ ഏതു വെല്ലുവിളികളെയാണ് നമ്മള്‍ ക്ലാസുകളില്‍ അഭിസംബോധന ചെയ്യുന്നത്? ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നടക്കുന്ന /നടന്നിട്ടുള്ള വിപ്ലവ സാമൂഹിക മുന്നേറ്റങ്ങളെ എത്ര നിസ്സാരവത്കരിച്ച്, പൈങ്കിളിവത്കരിച്ച് ഒക്കെയാണ് നമ്മുടെ സാമൂഹിക ശാസ്ത്ര പുസ്തകങ്ങള്‍ നമ്മുടെ കുട്ടികള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നത്. അനുദിനം വര്‍ധിച്ചുവരുന്ന മനുഷ്യാവകാശ പ്രശ്നങ്ങളോടും , നീതി നിഷേധത്തോടും ഒക്കെ തീവ്ര മൃദു സമീപനം സ്വീകരിക്കാനല്ലാതെ മറ്റെന്താണ് നമ്മുടെ പുസ്തകങ്ങള്‍ ആഹ്വാനം ചെയ്യുന്നത്? ബൂര്‍ഷ്വാ ജീവിതത്തെ മഹത്വവത്കരിക്കയും , അത് കുട്ടികളെ സ്വപ്നം കാണിക്കുകയും ജീവിതത്തിന്‍റെ പച്ചയായ യാഥാര്‍ത്യങ്ങളില്‍ നിന്ന് അവരെ ആട്ടിപ്പായിക്കുകയും അല്ലാതെ മറ്റെന്താണ് നമ്മുടെ ക്ലാസ് മുറികളില്‍ സംഭവിക്കുന്നത്? ഒരദ്ധ്യാപകനു തന്‍റെ വിദ്യാര്‍ഥികളുമായി രാഷ്ട്രീയപരമായി സര്‍ഗ്ഗാത്മക സംവാദത്തിനു നമ്മുടെ വിദ്യാഭ്യാസ ചട്ടകൂടില്‍ എവിടെയാണ് സ്വാതന്ത്ര്യം? എന്നാല്‍ അക്കാദമികമായി സ്വയംഭരണാവകാശം ഉള്ള ചില സര്‍വ്വകലാശാലകളും മറ്റും ഇതിനു അപവാദമാവുന്നുണ്ട് . പക്ഷെ, അവിടെയും തീവ്ര വലതുപക്ഷ അദ്ധ്യാപക നിയമനങ്ങളും മറ്റും നടത്തി വലതുപക്ഷം തങ്ങളുടെ കൊടിനാട്ടുന്നുണ്ട്. ഈ പരിസരങ്ങളില്‍ വേണം 'ഡി -റാഡിക്കലൈസെഷ'നെ വീക്ഷിക്കാന്‍.
'ഡി-റാഡിക്കലൈസ് ' ചെയ്യുക എന്നതിന് സാമൂഹിക വിരുദ്ധ അംശങ്ങളെ ഇല്ലായ്മ ചെയ്യുക എന്ന് ഔദ്യോഗിക വിവക്ഷ. വലതുപക്ഷ രാഷ്ട്രീയമല്ലാത്തതിനെയൊക്കെ സാമൂഹിക വിരുദ്ധമെന്നും ഭീകരമെന്നും ഒക്കെ മുദ്രകുത്തിപ്പോരുന്ന സാമ്രാജിത്വ അജണ്ടയുടെ പുതിയ ഒരദ്ധ്യായം എന്നല്ലാതെ ഈ നീക്കത്തെ എങ്ങനെയാണ് വിലയിരുത്താനാവുക . രാഷ്ട്രീയ ജീവിതങ്ങളുടെ ഗര്‍ഭപാത്രത്തെ-കലാലയങ്ങളെ "ഡി-റാഡിക്കലൈസ് ' ചെയ്യുക എന്നത് കാലങ്ങളായി വലതുപക്ഷ-മുതലാളിത്വ-ബൂര്‍ഷ്വാ ശക്തികള്‍ നിശബ്ദമായി ചെയ്തു പോരുന്നതാണ്. പക്ഷെ ഇപ്പൊളതിനു ശബ്ദം ഉണ്ടായിരിക്കുന്നു-അത്രമാത്രം. ഉദാഹരണത്തിന് -കേരളത്തിലെ മിക്ക കലാലയങ്ങളും പുതിയ കാലഘട്ടത്തില്‍ രാഷ്ട്രീയ ചാപിള്ളകളെ പ്രസവിക്കേണ്ട ഗതികെടിലേക്ക് എടുത്തെറിയപ്പെട്ടത് എങ്ങനെയാണ് ? കലാലയ രാഷ്ട്രീയ നിരോധനത്തെ കയ്യടിച്ച് സ്വീകരിക്കുന്ന തരത്തിലേക്ക് കേരള ജനത മാറ്റിതീര്‍ക്കപെട്ടതെങ്ങനെയാണ്? . ക്യാമ്പസ് ജീവികള്‍ റാഡിക്കലായപ്പോള്‍ ബൂര്‍ഷ്വാ ശക്തികള്‍ പറഞ്ഞുറപ്പിച്ചു-ഭീകരത. സമരങ്ങള്‍ കൊടുംബിരികൊണ്ടപ്പോള്‍ സമര കാരണങ്ങളെപ്പറ്റി പറയാതെ അവര്‍ വാര്‍ത്തകള്‍ സൃഷ്ട്ടിച്ചു- വന്‍പിച്ച നാശ നഷ്ട്ടങ്ങള്‍ . രാഷ്ട്രീയമില്ലാത്ത ,സമരങ്ങളില്ലാത്ത, പോസ്റ്ററുകള്‍ പതിയാത്ത , യൂണിഫോം നിര്‍ബന്ധമുള്ള , സ്കൂളുകള്‍ക്ക് സമാനമായ കലാലയങ്ങള്‍ക്ക് യു .ജി.സി. യും നാക്കും ചേര്‍ന്ന് ഗ്രേഡ് പതിപ്പിച്ചു- എ പ്ലസ്.. പിന്നെ, വന്‍പിച്ച ഫണ്ടിംഗ്. കലാലയങ്ങള്‍ എ പ്ലസിനായി മത്സരിക്കുന്നു. രാഷ്ട്രീയമില്ലെങ്കിലെന്തു , നമുക്ക് മികച്ച കലാലയങ്ങളില്‍ തന്നെ പഠിക്കണം. മധ്യവര്‍ഗ്ഗതിനും സന്തോഷം. പക്ഷെ നോക്കു, രാഷ്ട്രീയം നിരോധിച്ച കലാലയങ്ങളില്‍ മാനേജ്മെന്‍റെ ഒത്താശയോടെ എങ്ങനെയാണ് വലതുപക്ഷ വിദ്ധ്യാര്‍ഥി സംഘടനകളും , ക്ലബ്ബുകളും പ്രവര്‍ത്തിക്കുന്നതെന്ന്. എന്തായാലും മികച്ച തന്ത്രം തന്നെ.
കാമ്പുസുകളില്‍ ബൂര്‍ഷ്വാ ജീവികള്‍ മുന്‍പോട്ടു വയ്ക്കുന്ന ജീവിതത്തെ വാരിപ്പുണരാന്‍ തയ്യാറെടുക്കുന്നവര്‍ക്കിടയില്‍ കുറെ ആളുകള്‍ ഉണ്ടാവും-ഇന്നത്തെ സാമൂഹിക വ്യവസ്ഥിതിയില്‍ അസ്വസ്തര്‍ , എല്ലാം മാറ്റിമറിക്കണമെന്ന് സ്വപ്നം കാണുന്നവര്‍-- അവരെ 'ഡി-റാഡിക്കലൈസ് ' ചെയ്യണമത്രേ . സര്‍വ്വവും വെട്ടിപ്പിടിക്കുന്ന മുതലാളിത്വ -സാമ്രാജിത്വ ശക്തികള്‍ക്കു മുന്‍പില്‍ ഒച്ചാനിച്ച് നില്‍ക്കുന്ന, നിശബ്ധമായ ഒരു തലമുറയെ സൃഷ്ട്ടിക്കാന്‍ അല്ലാതെ മറ്റെന്തിനാണ് ഈ ചെയ്തികള്‍? മാര്‍ക്സിന്‍റെ വാക്കുകള്‍ കടമെടുത്താല്‍ മൊത്തത്തില്‍ ബൂര്‍ഷ്വാസിയുടെ പോതുക്കാര്യങ്ങള്‍ നടത്തുന്ന ഒരു കമ്മറ്റിയുടെ മികച്ച ഒരു പ്രവര്‍ത്തനം.
യു.ജി.സി. യുടെ ഈ നീക്കത്തോട് കടുത്ത വിയോജിപ്പുകളും വിമര്‍ശനങ്ങളും പുറത്തുവന്നുകഴിഞ്ഞു. യു.ജി.സി. യുടെ വാദത്തെ വ്യാജം എന്ന് ഡല്‍ഹി സര്‍വ്വകലാശാലാ ഗണിത ശാസ്ത്ര വകുപ്പിലെ പ്രൊഫ: നന്ദിതാ നാരായണ്‍ വിശേഷിപ്പിച്ചു. മികച്ച സാമൂഹിക ശാസ്ത്ര വിദ്യാര്‍ഥിക്കും റാഡിക്കല്‍ ആകാമെന്നിരിക്കെ ഈ നീക്കം ലക്ഷ്യം വയ്ക്കുന്നത് ക്യാമ്പസുകള്‍ അരാഷ്ട്രീയവത്കരിക്കുക എന്നത് മാത്രമാണെന്നും അവര്‍ വിലയിരുത്തുന്നു. ബദല്‍ ചിന്തകളെ ഇല്ലായ്മ ചെയ്യാനുള്ള സ്റ്റേറ്റ് ന്‍റെ ശ്രമമാണിതെന്നു മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ അബ്ദുല്‍ ഷബാന്‍ കുറ്റപ്പെടുത്തുന്നു. ഒരു മതത്തെ മുന്‍നിര്‍ത്തി റാഡിക്കലൈസ്ട് യൌവ്വനങ്ങളെ പറ്റി നടക്കുന്ന മുഖ്യധാരാ ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടുന്നുണ്ട് ഈ നീക്കമെന്ന് ജാമിയ മില ഇസ്ലാമിയയിലെ പ്രൊഫ: മനീഷാ സീതി . സര്‍വ്വകലാശാല വിദ്യാഭ്യാസമുള്ള , സാങ്കേതിക പരിജ്ഞാനമുള്ള ചെറുപ്പക്കാര്‍ തീവ്രാദത്തിലേക്ക് തിരിയുന്നു എന്ന പോതുബോധത്തിനോപ്പം യു.ജി.സി. പോലെയുള്ള ഒരു സ്ഥാപനം നില്‍ക്കുന്നു എന്നത് ഇവരെ അത്ഭുതപെടുത്തുന്നുണ്ട്. അഭ്യസ്ഥ വിദ്യരായ ചെറുപ്പക്കാര്‍ തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യപെടുന്നുണ്ട് എന്നതിനെ പാടെ നിരാകരിക്കാന്‍ ആവില്ലെങ്കിലും തീവ്രവാദതിന്‍റെയും , സാമൂഹിക വിരുദ്ധതയുടെയും അടിസ്ഥാന കാരണങ്ങള്‍ -തൊഴിലില്ലായ്മ പോലുള്ളവ പരിഹരിക്കാതെ ഒരു പ്രത്യേക വിദ്യാഭ്യാസ രീതിയെ കുറ്റം പറയുന്നതിനെ ന്യായീകരിക്കാന്‍ ആകുന്നില്ലെന്നും ഷബാന്‍ പറയുന്നു. നാഷണല്‍ ഇന്‍റഗ്രെഷന്‍ കൌണ്‍സില്‍ അംഗവും നാഷണല്‍ കമ്മിഷന്‍ ഫോര്‍ മിനോരിട്ടീസ് ചെയര്‍മാനുമായ വജാഹത് ഹബിബുല്ലാഹ് യു.ജി.സി. നിര്‍ദേശത്തിന്റെ ഉദ്ദേശശുദ്ധിയെ പറ്റി സംശയം പ്രകടിപ്പിച്ചു. യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിതെന്നു ആരോപിച്ചുകൊണ്ട് മറ്റൊരംഗമായ നവൈദ് ഹമിദും രംഗത്തെത്തി . ഇതിനോടെല്ലാം തണുത്ത പ്രതികരണം മാത്രമാണ് യു.ജി.സി. കൈകൊള്ളുന്നത്.
വിവിധങ്ങളായ അടിച്ചമര്‍ത്തലുകളെ , സമൂഹിക ഉച്ച-നീച്ചത്വങ്ങളെ , അസമത്വത്തെ, ഇപ്പോളും ശക്തമായി തുടരുന്ന ജാതീയതയെ , വര്‍ഗീയതയെ, ചൂഷണത്തെ , അവനവന്‍റെ വികാസ ചരിത്രത്തെ ഒക്കെ ക്ലാസ് മുറികളില്‍ സജീവമായി ചര്‍ച്ച ചെയ്യുകയും , അത് അന്വേഷിക്കപെടുകയും അതുവഴി പരിഹരിക്കപെടുകയും ഒക്കെ ചെയ്യുമെന്നു കരുതിയവര്‍ക്ക്, വിദ്യാഭ്യാസം സാമൂഹിക പുരോഗതിക്കു വഴി തെളിക്കുമെന്നു കരുതിയവര്‍ക്ക് തെറ്റി. എത്ര ആത്മവിശ്വാസത്തിലാണ് ഇവിടത്തെ വലതുപക്ഷം-- സാമൂഹിക ശാസ്ത്ര ക്ലാസുകളില്‍ ഡീ -റാഡിക്കലൈസെഷന്‍ നടക്കുമത്രേ.
അല്ലെങ്കില്‍ത്തന്നെ ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യയെപ്പറ്റി ഇവടത്തെ ഭരണകുടത്തിനു സര്‍വ്വവും മുതലാളിത്വ -സാമ്രാജിത്വ ശക്തികള്‍ക്കു മുന്‍പില്‍ അടിയറവ് വയ്ക്കുക എന്നതില്‍ കവിഞ്ഞ് എന്തെങ്കിലും സ്വപ്നമുണ്ടോ, ലക്ഷ്യമുണ്ടോ ,? രാജ്യത്തെ സംബന്ധിച്ച്, അതിലെ ജനങ്ങളെ സംബന്ധിച്ച് ഉത്തരവാദിത്വ ബോധമുള്ള ഒരു ഭരണകുടത്തിന് ശാസ്ത്ര/ശാസ്ത്ര-സാങ്കേതിക വിഷയങ്ങളെ എങ്ങനെയാണ് രാഷ്ട്രീയപരമായി ഇത്തരത്തില്‍ അഭിസംബോധന ചെയ്യാനാവുക?
എന്ത് വിലകൊടുത്തും ഈ തീരുമാനത്തെ എതിര്‍ത്ത് തോല്‍പ്പിച്ചേ മതിയാവു. ക്ലാസ് മുറികളില്‍ നമുക്ക് റാഡിക്കല്‍ സാമൂഹിക ശാസ്ത്ര വിദ്യാര്‍ഥികള്‍ കുറേപ്പെരെങ്കിലും ഉണ്ടല്ലോ. താന്‍ പഠിക്കുന്ന ശാസ്ത്രത്തിന്‍റെ /സാങ്കേതിക- ശാസ്ത്രത്തിന്‍റെ രാഷ്ട്രീയം അറിയുന്നവര്‍-- അന്വേഷിക്കുന്നവര്‍ ഉണ്ടല്ലോ. വിപ്ലവം സ്വപ്നം കാണുന്നവര്‍ നമ്മുടെ കാമ്പുസുകളില്‍ ഉണ്ടല്ലോ.വരൂ നമുക്ക് പുറത്തിറങ്ങാം. റാഡിക്കലുകള്‍ എന്തിനു മിണ്ടാതിരിക്കണം?
News Ref: www.ugc.ac.in, www.firstpost.com, www.deccanherald.com.
No comments:
Post a Comment