‘വിപ്ലവം തോക്കിൻകുഴലിലൂടെ’ എന്ന മാവോയിസ്റ്റ് മുദ്രാവാക്യം വിപ്ലവ രാഷ്ട്രീയത്തെ ദുഷിപ്പിക്കയും മാർക്സിസത്തെയും ഇടതുപക്ഷ മുന്നെട്ടങ്ങളെയും അപകീർത്തിപ്പെടുത്തുകയും ചെയ്തു എന്ന് 'എന്തുകൊണ്ട് ഇന്ത്യൻ മാവോയിസ്റ്റ് പ്രവർത്തനങ്ങളെ ഇവിടത്തെ ഇടതുപക്ഷം എതിർക്കുന്നു" എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് സി.പി.ഐ (എം ) ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ഈ ആഗസ്റ്റ് അവസാനം പ്രതികരിച്ചിരുന്നു. അക്രമം വെടിഞ്ഞ് മുഖ്യധാരയിലേക്ക് വന്നാൽ മാവോയിസ്ട്ടുകളുമായി സംവാദത്തിൽ ഏർപ്പെടാൻ ഇടതുപക്ഷം സന്നദ്ധമാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴത്തെ അവരുടെ അരാജകത്വവും , അവർ നടത്തുന്ന വകതിരിവില്ലാത്ത കൊലപാതകങ്ങളും ഭീകരവാദവും മാവോയിസ്റ്റുകളെ ഇടതുപക്ഷത്തിന്റെ ശത്രുക്കളാക്കുന്നു എന്ന് പറഞ്ഞു കൊണ്ടുതന്നെ ഇന്ത്യൻ മാവോയിസ്റ്റുകളുടെ പ്രവർത്തനങ്ങളെ ശക്തിയായി എതിർക്കുമ്പൊഴും ഭരണകുടം അവരെ അഭിസംബോധന ചെയ്യാൻ സി.പി.ഐ (എം ) ആവശ്യപ്പെടുന്ന വിധം ശ്രദ്ധേയമാണ്. മാവോയിസ്റ്റ് ഭീഷണിയെ നേരിടുന്നതിന്റെ ആദ്യ പടി നിലനിൽക്കുന്ന സാമൂഹ്യ- സാമ്പത്തിക വിഷയങ്ങളെ നേരിടുകയാണ് എന്ന് സി.പി.ഐ (എം ) വളരെ മുൻപുതന്നെ വ്യക്തമാക്കിയിരുന്നു.ആദിവാസികളുടെത് ഉൾപ്പടെ മുഴുവൻ ജനങ്ങളുടെയും സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങള്ക്ക് പരിഹാരം കാണാൻ ശ്രമിച്ചുകൊണ്ട് മാവോയിസ്റ്റുകളെ ഒറ്റപ്പെടുത്തുകയും തോല്പ്പിക്കയും ചെയ്യണം. മാവോയിസ്റ്റ് സാന്നിധ്യം എന്ന് കേൾക്കുമ്പോഴേക്കു സേനയുമായി ചാടിവീഴുന്ന ഇന്ത്യൻ ഭരണകുടത്തിന്റെ രീതി ആവർത്തി ക്കപ്പെടുമ്പോൾ മാവോയിസ്റ്റുകളെ പ്രത്യേയശാസ്ത്രപരമായും രാഷ്ട്രീയപരമായുമാണ് നേരിടേണ്ടത് എന്ന സി.പി.ഐ (എം ) നിലപാട് ശ്രദ്ധിക്കപ്പെടെണ്ടതുണ്ട്.
തങ്ങളാണ് ഇന്ത്യയിലെ ശുദ്ധ മാർക്സിസ്റ്റു വിപ്ലവ ശക്തിയെന്നും , ഇന്ത്യൻ ഭരണകുടത്തെ അട്ടിമറിക്കാനും ജനങ്ങളെ ജന്മിത്വതിൽ നിന്നും സാമ്രാജ്യത്വത്തിൽ നിന്നും വിമോചിപ്പിക്കാനും കഴിയുന്ന ഏക മാർക്സിസ്റ്റു- ലെനിനിസ്ട്ടു ശക്തി തങ്ങളാണെന്നും തുടക്കം മുതൽത്തന്നെ ഇന്ത്യൻ മാവോയിസ്റ്റുകൾ അവകാശപ്പെടുന്നുണ്ട്. അരാജകത്വം എന്നതുപോലെ , മുതലാളിത്വ ഭീകരതയാൽ ഒരുകൂട്ടം പെറ്റി ബൂർഷ്വാകൾ ഇത്തരം ഉന്മാദതിലെക്കു പോകുന്ന സാമൂഹിക പ്രതിഭാസം എല്ലാ രാജ്യങ്ങളുടെയും സവിശേഷതയാണെന്ന് ലെനിൻ പറഞ്ഞിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ സാന്നിധ്യം അറിയിച്ചിടതൊക്കെ ഇത്തരം ഉന്മാദികൾ ഉണ്ടായിട്ടുണ്ട്. മാവോയിസ്റ്റ് മുന്നേറ്റങ്ങൾ മുതലാളിത്വ ഭീകരതയുടെ ഫലം ആണെന്നത് കൊണ്ടുതന്നെ, ഇത്തരം ഉന്മാദികളുടെ കൂട്ടമാണ് എന്നതുകൊണ്ട് ത്തന്നെ ഇവരെ കേവലം ഭീകര വാദികൾ എന്ന നിലയ്ക്ക് അഭിസംബോധന ചെയ്യുന്നതിൽ പ്രശ്നമുണ്ട്.
എവിടെയാണ് ഇന്ത്യൻ മാവോയിസ്റ്റുകൾക്ക് കര്ഷക മുന്നേറ്റം ഉണ്ടാക്കനായത്? വിപ്ലവത്തിന്റെ മുന്നണിപ്പോരാളികൾ എന്ന് അവകാശപ്പെടുകയും അതേസമയം തൊഴിലാളികൾക്ക് , അധ്വാനിക്കുന്ന ജന വിഭാഗത്തിന് യാതൊരു ഇടവുമില്ലാതതുമായ ഒന്നാണ് മാവോയിസം. തൊഴിലാളി വർഗ്ഗത്തെ പറ്റി സംസാരിക്കാൻ പാകത്തിന് ഇന്ത്യയിൽ മുതലാളിത്വം വളർന്നിട്ടില്ല എന്നതാണ് ഇന്ത്യൻ യാഥാർധ്യത്തിനു നിരക്കാത്ത മാവോയിസ്റ്റ് പക്ഷം. അവർക്ക് കുറെയെങ്കിലും സജീവമാകാനും കുറച്ചെങ്കിലും ആളുകളെ സംഘടിപ്പിക്കാൻ കഴിഞ്ഞതും ഗോത്ര മേഖലകളിലാണ്. ഇവടെയ്യേല്ലാമാകട്ടെ വികസനത്തിന്റെ കാര്യത്തിൽ ആയാലും ഗതാഗത, വാര്താവിനിമയ സൌകര്യങ്ങളുടെ കാര്യത്തിൽ ആയാലും ഏറ്റവും പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ഇടങ്ങളാണ്. പക്ഷെ എവിടെയാണ് മാർക്സിസ്സ്ട്ടുകൾ എന്ന് അവകാശപ്പെടുന്ന ഇവരുടെ തൊഴിലാളി വർഗ്ഗ, കര്ഷക മുന്നേറ്റങ്ങൾ? ഇവയെല്ലാം ഇന്ത്യൻ മാവോയിസ്റ്റുകളുടെ ചിന്താ പരിധിക്കു പുറത്താണ്. കര്ഷക മുന്നേറ്റങ്ങൾ രൂപപ്പെടുത്താൻ കഴിയാതെ വരുമ്പോൾ ബഹുജനങ്ങളെ സംഘടിപ്പിക്കുന്നതിൽ പരാജയപ്പെടുമ്പോൾ "വർഗ്ഗ ശത്രുക്കളുടെ ഉന്മൂലനം" എന്ന തന്ത്രം ഇന്ത്യൻ മാവോയിസ്റ്റുകൾ പയറ്റുന്നു. ഇതിൽ പോലീസുകാർ ഉൾപ്പെടെ സാധാരണ ജനങ്ങൾ ഇരയാക്കപ്പെടുന്നു. ഇപ്പോൾ ആയുധങ്ങളെ മാത്രം ആശ്രയിക്കുന്ന ഇവര്ക്ക്, വർഗ്ഗ ചൂഷണത്തിന്റെ , അടിച്ചമാര്തലിന്റെ ഇരകളെ അഭിസംബോധന ചെയ്യാൻ കഴിയാത്ത ഇവര്ക്ക് ജന വിരുദ്ധ സർക്കാരിന് എതിരായി ജനങ്ങളെ സംഘടിപ്പിക്കുക എന്നത് ഇവർ വീമ്പിളക്കുന്നത് പോലെ ഇവരുടെ ലക്ഷ്യങ്ങളുടെ പട്ടികയിൽ വരുന്നില്ല.
കേരളത്തിന് മാവോയിസ്റ്റുകളെ ആവശ്യമില്ല എന്നതാണ് മുൻ -നക്സലൈറ്റു ബുദ്ധിജീവികളുടെ പക്ഷം. ആദിവാസികൾക്ക് ആദിവാസികളുടെ സംഘടനയും , ദളിതര്ക്ക് ദളിതരുടെ സംഘടനയും ഒക്കെ ഉള്ള ഈ ഇടത്ത് മാവോയിസ്റ്റുകളെ ആവശ്യമില്ല എന്ന് അവർ പറയുന്നു . കേവലം ഉത്തരാധുനിക രാഷ്ട്രീയത്തിലും മാർക്സിസ്റ്റു വിരുദ്ധതയിലും ജീവിക്കുന്ന ഈ കൂട്ടർ ആദിവാസികളുടെയും ദളിതരുടെയും മറ്റും പ്രശ്നങ്ങളെ നിസ്സാരവത്ക്കരിക്കുകയാണ്. അവരുടെ പ്രശ്നങ്ങളെല്ലാം തങ്ങൾ ഏറ്റെടുത്തു കഴിഞ്ഞെന്നും അവ പരിഹരിക്കപ്പെടുകയാനുമെന്ന കപട വാദത്തിലാണ് ഇക്കൂട്ടർ. ആദിവാസികൾക്കും ദളിതർക്കുമിടയിൽ ഇപ്പോഴും എപ്പോഴും നീറുന്ന പ്രശ്നങ്ങൾ ഈ കൂട്ടർ കണ്ടില്ലെന്നോ? ഇന്ത്യ ഭരിക്കുന്ന കോണ്ഗ്രസ് സർക്കാരിന്റെ നവ ഉദാര വത്ക്കരണ നയങ്ങളുടെ കെടുതികൾ നെരിട്ടനുഭവിക്കുന്ന ആദിവാസികളെയും ദളിതരെയും ഈ കൂട്ടർക്ക് മനസ്സിലായില്ലെന്നോ? മാവോയിസ്റ്റുകൾ ഉയർത്തുന്ന രാഷ്ട്രീയം ഇവരെ ആകർഷിക്കില്ല എന്ന് പറയുന്നത് ശുദ്ധ വിഡ്ഢിത്വം ആയിരിക്കും. കേരളത്തിന് മാവോയിസ്റ്റ് രാഷ്ട്രീയത്തെ ആവശ്യമുള്ള രീതിയിലേക്ക് കാര്യങ്ങളെ കൊണ്ട് എത്തിക്കുന്നതിൽ , ജനങ്ങളെ ദുരിതത്തിൽ നിന്നും ദുരിതത്തിലേക്ക് തള്ളി വിടുന്നതിൽ ഇന്ത്യയും കേരളവും ഭരിക്കുന്ന കോണ്ഗ്രസ് സർക്കാരുകൾ വിജയിച്ചിരിക്കുന്നു.
മാവോയിസ്റ്റുകൾ സാന്നിധ്യം അറിയിക്കുന്ന ഇടങ്ങളുടെ സ്വഭാവം പ്രധാനമാണ്. 2013 ഫെബ്രുവരി 1 നു കർണ്ണാടക അതിർത്തിയോട് ചേർന്ന മാങ്കുണ്ടി എസ്റ്റെട്ടിൽ സി.പി.ഐ മാവോയിസ്റ്റുകളുടെ ജനകീയ വിമോചന ഗൊറില്ല സേനക്കാർ കണ്ടു എന്ന് പറയുന്നവരുടെ ജീവിത അവസ്ഥ ശ്രദ്ധിക്കേണ്ടതുണ്ട്. കേരളത്തിലെ ശരാശരി കൂലിയുടെ പകുതി പോലും കിട്ടാത്ത എസ്റെട്ടു പണി ചെയ്യുന്നവർ. മിക്ക തൊഴിലാളികളും അനീമിയയും അതുപോലെയുള്ള ആരോഗ്യ പ്രശ്നങ്ങളാലും നട്ടം തിരിയുന്നവർ. ഇവരോട് പ്രതീക്ഷയുടെ , വിമോചനത്തിന്റെ രാഷ്ട്രീയം സംസാരിക്കാൻ എത്തുന്നവരെ ഇവർ സന്തോഷപൂർവ്വം സ്വീകരിച്ചില്ലെന്കിലെ അത്ഭുതത്തിനു വകയുള്ളൂ. ഇതേ തരത്തിലുള്ള തോട്ടം തൊഴിലാളി -ആദിവാസി- ഭൂരഹിത കര്ഷകരുടെ ഇടയിൽ ജനകീയ വിമോചന ഗൊറില്ല സേനക്കാർ പോവുകയും ആശയ പ്രചരണം നടത്തുക്കയും ചെയ്തുവെന്നും , അവിടെയെല്ലാം നല്ല രീതിയിലുള്ള സ്വീകരണം തങ്ങൾക്കു കിട്ടിയെന്നും മാർച്ചിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഉള്ള തന്റെ ലേഖനത്തിൽ രൂപേഷ് അവകാശപ്പെടുന്നുണ്ട്. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും അവയുടെ സാമൂഹിക സാമ്പത്തിക കാരണങ്ങളെക്കുറിച്ചും ബദലുകളെക്കുറിച്ചും തങ്ങൾ സംസാരിച്ചത് ജനങ്ങൾ, അടിസ്ഥാന ജനങ്ങൾ വളരെ കാര്യമായി തന്നെ ശ്രദ്ധിച്ചിരുന്നുവെന്നും അനുഭാവപൂർണ്ണമായ നിലപാട് എടുത്തു എന്നും രൂപേഷ് പറയുന്നു .
വർഗ സമരം , ദേശീയതകൾ, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം, ഭക്ഷ്യ വിലകളും നാണയ വിലകളും എല്ലാറ്റിനുമുപരി വനം,ഭൂമി, ജലം എന്നിവയുടെ അധികാരത്തിന്റെ പ്രശനം തുടങ്ങിയവയാണ് സൈദ്ധാന്ധികമായും പ്രായോഗികമായും സി.പി .ഐ മാവോയിസ്റ്റ് പശ്ചിമ മേഖലാ കമ്മറ്റിക്ക് മുന്പിലുള്ള പ്രശ്നങ്ങൾ എന്ന് രൂപേഷ് ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്. സംഭരണ ശാലകളിൽ ഭക്ഷ്യ ധാന്യങ്ങൾ പുഴുവരിക്കുമ്പോഴും ജനങ്ങൾ പട്ടിണി കിടന്നു മരിക്കുന്ന , ഒന്നര ലക്ഷത്തിലധികം കർഷകർ കഴിഞ്ഞ പത്തു വർഷത്തിനിടയ്ക്ക് ആത്മഹത്യ ചെയ്ത , ആദിവാസികളെയും ന്യൂനപക്ഷങ്ങളെയും വംശഹത്യ ചെയ്യുന്ന , ദളിത് ഗ്രാമങ്ങൾ ചുട്ടു ചാംബലാക്കപ്പെടുന്ന , ധാതു സമ്പത്തിനായി ആദിവാസികൾ അടക്കമുള്ള ലക്ഷക്കണക്കിന് ജനങ്ങളെ പിറന്ന മണ്ണിൽ നിന്നും കുടിയൊഴുപ്പിക്കുന്ന നമ്മുടെ രാജ്യത്ത് അക്രമം ഉണ്ടാകുന്നത് മാവോയിസ്റ്റുകൾ വരുമ്പോൾ മാത്രമാണെന്ന് പറയുന്നവർ ഏത് മൂഡ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത് എന്നും രൂപേഷ് ചോദിക്കുന്നു . കേരളത്തിലെ പട്ടിണി മരണങ്ങൾ എല്ലാം തന്നെ ആദിവാസി ഊരുകളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്ന അവസ്ഥയിൽ രൂപേഷിന്റെ, മാവോയിസ്റ്റുകളുടെ വാക്കുകൾക്കു ആദിവാസി സമൂഹങ്ങളെ കീഴ്പ്പെടുത്താൻ ആയേക്കും. നിത്യേനെയുള്ള ദളിത് പീഡനങ്ങളും ജാതീയമായ അടിച്ചമർത്തലുകളും , ദളിതുകളെ ലോക്കപ്പിൽ മലം തീറ്റിച്ചത് ഉൾപ്പെടെയുള്ള സംഭവങ്ങളും , സമൂഹത്തെ കീഴ്പ്പെടുത്തുന്ന ബ്ലേഡ് മാഫിയ ഉൾപ്പടെയുള്ളവയുടെ കിരാത ചെയ്തികളും ഒക്കെ എടുത്തുപറഞ്ഞ് നിലനില്ക്കുന്ന വ്യവസ്ഥിതിക്ക് നേരെ രൂപേഷ് ആഞ്ഞടിക്കുന്നുണ്ട്. അടിച്ചമർത്ത പ്പെട്ടവർക്കൊപ്പം പോരാട്ടത്തിനു മാവോയിസ്റ്റുകൾ ഉണ്ടാവുമെന്നും രൂപേഷ് പറയുന്നു. .
മാവോയിസ്റ്റുകൾ ശക്തമായ മേഖലകളിൽ 'വിപ്ലവ ജനകീയ സർക്കാരുകൾ '- പ്രാദേശിക ഭരണ നിർവ്വാഹക സമിതികൾ രൂപീകരിച്ചുകൊണ്ട് പുതിയ ജനാധിപത്യ സമൂഹ നിർമ്മാണ പ്രക്രീയയ്ക്ക് മാവോയിസ്റ്റുകൾ നേതൃത്വം നല്കുകയാണ് എന്ന് രൂപേഷ് അവകാശപ്പെടുന്നു. . അനീതികളെ തുരത്താൻ ജനകീയ കോടതികളും പുറമേ നിന്നുള്ള അതിക്രമങ്ങളെ ചെറുക്കാൻ ജനകീയ മിലീഷ്യക്കും രൂപം കൊടുത്തിരിക്കുന്നു. പിന്നോക്ക പ്രദേശങ്ങളിൽ ആണെങ്കിലും ഒരു ജനത ഉന്നതമായ രാഷ്ട്രീയ ജനാധിപത്യ പ്രക്രീയയിലൂടെ കടന്നു പോവുകയാണെന്നും രൂപേഷ് അവകാശപ്പെടുന്നു. മാവോയിസ്റ്റുകൾ ആയുധം എടുക്കുന്നതിനെ പറ്റി ആശങ്കയും വിമർശനവും രേഖപ്പെടുത്തുന്നവർ കേരളത്തിലെ ഭരണകുടം നടത്തുന്ന സൈനിക വത്ക്കരനതെയും ജനാധ്യപത്യ കശാപ്പിനെയും കാര്യമാക്കുന്നില്ല എന്നത് വിരോധാഭാസമാണ്. നവ കൊളോണിയൽ കാലഘട്ടത്തിലെ ക്ഷേമ രാഷ്ട്ര പദ്ധതികളിൽ നിന്നും വിടുതലായിക്കൊണ്ട് ഗവർന്നിംഗ് അഥവാ പോലീസിംഗ് ആയി മാത്രം സർക്കാരിന്റെ ഉത്തരവാദിത്തം ചുരുങ്ങുന്നതായും രൂപേഷ് ആരോപിക്കുന്നു . കാര്യക്ഷമമായ പോലീസിംഗ് ആണ് കാര്യക്ഷമമായ ഭരണം എന്നാ നിലയിലേക്ക് പൊതു അവബോധത്തെ വളർത്തിയെടുത്തിരിക്കുന്നു . രാഷ്ട്രീയത്തിന്റെ പാഠശാല ആയിരുന്ന ക്യാമ്പസുകൾ കുട്ടിപ്പോലീസും അരാഷ്ട്രീയ വാദവും കൊണ്ട് ഫാസിസത്തിന് വെരോടാനുള്ള വളക്കൂറുള്ള മണ്ണായിരിക്കുന്നു . മാവോയിസ്ട്ടുകളല്ല , മറിച്ച് ഭരണകുട അടിച്ചമർത്തൽ ആണ് പ്രശ്നമെന്ന് മനസ്സിലാക്കാൻ തങ്ങളോടെ ചരിത്രം അവസാനിച്ചു എന്ന് കരുതുന്ന മുൻ നക്സലൈറ്റു ബുദ്ധിജീവികളോട് രൂപേഷ് ആവശ്യപ്പെടുന്നു.
പ്രാദേശിക വിഷയങ്ങൾ ഏറ്റെടുത്ത് ജനങ്ങൾക്കിടയിൽ വിശ്വാസം നേടാനും ഓരോ പ്രദേശത്തും വേരുറപ്പിക്കാനും മാവോയിസ്റ്റുകള് നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് തൊട്ടില്പാലത്തിനടുത്തുള്ള ചൂരണിമലയിലെ പ്രവൃത്തികളെന്ന് തോന്നിപ്പിക്കുന്നു. . ജനകീയ ഗറില്ലാസേന എന്ന പേരിലാണ് മാവോയിസ്റ്റുകള് ലഘുലേഖ പുറത്തിറക്കിയിട്ടുള്ളത്. ഒക്ടോബര് 27ന് ചൂരണിമലയിലെ മുക്കം ഗ്രാനൈറ്റ്സിലെ പൊക്ലെയിന് കത്തിക്കുകയും വയറിംഗ് സംവിധാനം കേടുവരുത്തുകയും ചെയ്തിരുന്നു. അവിടെ വിതറിയ നോട്ടീസില് ഗറില്ലാസേനയുടെ സന്ദേശം എന്ന നിലയില് മുക്കം ഗ്രാനൈറ്റ്സിനെതിരെയുള്ള പ്രക്ഷോഭത്തെപറ്റി പരാമർശിച്ചിരുന്നു. ചൂരണി മലയുടെ സമീപങ്ങളിലായി ആറ് ക്വാറികള് പ്രവര്ത്തിക്കുന്നുണ്ടെന്നും ഇത് ജനങ്ങള്ക്കും വനമേഖലയിലെ വന്യജീവികള്ക്കും ദോഷം ചെയ്യുമെന്നും നോട്ടീസ് പറയുന്നു. മണ്ണും വനവും കാട്ടുതീയും ജനങ്ങളുടെത് ആണെന്നും മാവോയിസ്റ്റുകൾ പറയുന്നു. ഇവയെല്ലാം സൂചിപ്പിക്കുന്നത് മാവോയിസ്ട്ടുകളുമായി സംവദിക്കേണ്ടത് ഉണ്ടെന്നാണ്. അവർ ഉയർത്തുന്ന പ്രശ്നങ്ങളെയും വിഷയങ്ങളെയും ഗൌരവകരമായി സമീപിക്കേണ്ടതുണ്ടെന്നാണ്.
ഖനനവുമായി ബന്ധപെട്ട കേന്ദ്ര സർക്കാർ സമീപനത്തിൽ വലിയ മാറ്റങ്ങൾ വരേണ്ടതുണ്ടെന്നും സി.പി .ഐ (എം ) പലപ്പോഴായി ചൂണ്ടികാനിച്ചിരുന്നു . ഖനനത്തിന്റെ പേരിൽ ആദിവാസികളും മറ്റും വൻ തോതിൽ കുടി ഒഴിപ്പിക്കപ്പെടുകയാണ്. ആദിവാസികൾക്ക് തങ്ങളുടെ പാർപ്പിടവും തൊഴിലും ജീവിതവും എല്ലാം നഷ്ട്ടപ്പെടുന്നു. മാവോയിസ്സ്ടുകൾക്ക് എതിരെ ആക്രമണം അഴിച്ചു വിടുന്നതിനു മുൻപ് ഭരണകുടം മാവോയിസ്റ്റുകൾ അധികം സ്വാധീനിക്കുന്ന ആദിവാസികളുടെ പ്രശ്നങ്ങളും അവരുടെ വികാരങ്ങളും മനസ്സിലാക്കേണ്ടതുണ്ട്. അവരുടെ അടിസ്ഥാന അവകാശങ്ങളും പാർപ്പിടവും അവര്ക്ക് നഷ്ട്ടമാകുന്നില്ല എന്ന് ഉറപ്പാക്കണം. ആദിവാസികളുടെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കുന്നതിനോടൊപ്പം അവരുടെ ഗതാഗത, വിദ്യാഭ്യാസ , ആരോഗ്യ ആവശ്യങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തുകയും ചെയ്യണം.
ആദിവാസികൾ ഒഴിച്ചാൽ മാവോയിസ്സ്ട്ടുകൾക്കും ഇതേപോലെയുള്ള തീവ്ര കാല്പ്പനിക ഇടതുപക്ഷ രാഷ്ട്രീയത്തിനും സ്വാധീനിക്കാനായത് നാഗരീക ബുദ്ധിജീവി കൂട്ടങ്ങളെയാണ്. ദരിദ്രർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടിയാണ് മാവോയിസ്റ്റുകൾ പോരാടുന്നതെന്നും , ഈ സാഹചര്യത്തിൽ ആയുധമെടുക്കുക മാത്രമാണ് വിപ്ലവത്തിലെക്കുള്ള മാർഗ്ഗം എന്നും പറയുന്ന ഈ ബുദ്ധിജീവികളോട് മാവോയിസ്റ്റുകൾ ഉയര്ത്തുന്ന രാഷ്ട്രീയത്തെ മുൻ നിരത്തിത്തന്നെ സംവദിക്കണം എന്നും സി.പി .ഐ (എം ) പറയുന്നു. മാവോയിസ്ട്ടുകലുമായി രാഷ്ട്രീയപരമായും ആശയപരമായും സംവാദത്തിൽ ഏർപ്പെടനമെന്നും പരക്കെ ആവശ്യങ്ങൾ ഉയരുമ്പോൾ ഭരണകുടതിന്റെ മാവോയിസ്റ്റ് വേട്ട പലപ്പോഴും അതിരുകൾ ലംഘിക്കുന്നുണ്ട് .മാവോയിസ്റ്റുകൾക്ക് സഹായം ചെയ്തു കൊടുത്തു എന്ന പേരിൽ, മാവോയിസ്റ്റുകളെ കണ്ടു എന്ന പേരിൽ , മാവോയിസ്റ്റ് ആണ് എന്ന സംശയത്തിന്റെ പേരിൽ നമ്മുടെ രാജ്യത്ത് അറസ്ട്ടു ചെയ്യപ്പെടവരും പീഡിപ്പിക്കപ്പെട്ടവരും നിരവധിയാണ്.
മാവോയിസ്റ്റുകള്ക്ക് വേണ്ടി പണം പറ്റിയെന്ന് ആരോപിച്ച് സോണി സോരിയെ 2011 ഒക്ടോബര് 4 ന് ഡല്ഹി പോലീസ് അറസ്റ്റ് ചെയ്ത് ഛത്തീസ്ഗഢ് പോലീസിന് കൈമാറിയിരുന്നു. ജില്ലാ പോലീസ് സൂപ്രണ്ട് അങ്കിത് ഗാര്ഗിന്റെ നിര്ദ്ദേശപ്രകാരം ഷോക്കടിപ്പിക്കുകയും
സൂപ്രണ്ടിന്റെ സാന്നിധ്യത്തില് നഗ്നയാക്കി നിര്ത്തി പോലീസുകാര് കൂട്ടബലാത്സംഗം ചെയ്ത് ജീവച്ഛവമാക്കുകയും ചെയ്ത സോണി സോരിയുടെ സ്വകാര്യഭാഗങ്ങളില് കുത്തിയക്കയറ്റിയ നിരവധി കല്ലുകൽ ഡോക്ടര്മാര് പുറത്തെടുതിരുന്നു . കടുത്ത
അണുബാധയെത്തുടര്ന്ന് ദീര്ഘകാലം അവള് മരണാസന്നയായി കിടന്നു. അവളെ പീഡിപ്പിക്കുന്നതിന് നേതൃത്വം നല്കിയ എസ്.പിഅങ്കിത്തി
നെ 2012 ജനവരിയില് വിശിഷ്ട സേവാ മെഡല് നല്കി സര്ക്കാര് ആദരിച്ചിരുന്നു. മാവോയിസ്റ്റുകളെ കണ്ടു എന്നതിന്റെ പേരിൽ ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്യുകയും പിന്നെ വിവിധ തലങ്ങളിൽ നിന്നും ഉയര്ന്ന കടുത്ത പ്രതിഷേധങ്ങളെ തുടർന്ന് വിട്ടയക്കുകയും ചെയ്തിട്ട് നാളുകൾ അധികമായിട്ടില്ല. മാവോയിസ്ട്ടുകലാണെന്ന് ആരോപിച്ചു രൂപേഷിന്റെ കുട്ടികളെ പോലീസ് അറസ്ട്ടു ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു. പ്രായം അധികം ഇല്ലാത്ത ഈ കുട്ടികൾ ഒരു സാംസ്കാരിക പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്നായിരുന്നു ഇത്. മാവോയിസ്റ്റ് ആണെന്ന് ആരോപിച്ചു കൊണ്ട് തന്നെ നിരന്തരം ഭരണ കുടം പീടിപ്പിച്ചതിനെ തുടർന്നാണ് താൻ മാവോയിസ്റ്റ് പാതയിലേക്ക് പോകുന്നത് എന്ന് രൂപേഷിന്റെ ഭാര്യ പറഞ്ഞിരുന്നു. പട്ടികകൾ അങ്ങനെ നീളുകയാണ്.തങ്ങൾക്കു ഭീഷണിയാകുന്ന രാഷ്ട്രീയ മുന്നേറ്റങ്ങളെയും സമരങ്ങളെയും അടിച്ചമർത്താൻ ഭരണകുടം "മാവോയിസ്റ്റ് വേട്ട" യെ ഉപയോഗപ്പെടുത്തുന്നു എന്ന ആരോപണങ്ങൾ ചില്ലറയല്ല. വെസ്റ്റ് ബംഗാൾ സി.പി.ഐ (എം ) പ്രവർത്തകർക്ക് മാവോയിസ്ട്ടുകളുമായി ബന്ധമുണ്ടെന്നു ആരോപിച്ചുകൊണ്ട് നടത്തിയ CRPF തെരച്ചിൽ ഇതുനുള്ള ഒരു ഉദാഹരണമാണ്. കാല്പ്പനിക, തീവ്ര ഇടതുപക്ഷത്തിനു എതിരെ വെസ്റ്റ് ബംഗാൾ സി.പി.ഐ (എം ) പൊതുജനങ്ങള്ക്ക് ഇടയിൽ അവബോധം വളർത്താൻ പരിശ്രമിക്കുന്നതിന്റെ ഇടയിലായിരുന്നു കേന്ദ്ര സർക്കാരിന്റെ ഈ നീക്കം എന്നത് ആരോപണങ്ങൾക്ക് ശക്തി പകരുന്നുണ്ട്. ഇതേപോലെതന്നെ ഉയർന്നു വരുന്ന പല ജനകീയ സമരങ്ങൾക്കും മാവോയിസ്റ്റ് ലേബലുകൾ ചാർത്തപ്പെടുന്നുണ്ട്. അങ്ങനെ വിപ്ലവ മുന്നേറ്റങ്ങളെ ആരംഭത്തിലെ ഇല്ലാതാക്കാൻ മാവോയിസ്റ്റ് ലേബലുകളെ ഭരണകുടത്തിനു എളുപ്പത്തിൽ ഉപയോഗപ്പെടുതാനാകുന്നു.
ഇടതുപക്ഷ വിരോധം തീർക്കാൻ മാവോയിസ്റ്റുകളെ ഉപയോഗ പ്പെടുത്തുകയും അവരുടെ വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്ത സംഭവങ്ങളെയും നിസ്സാരമായി കാണാൻ കഴിയില്ല. സി.പി.ഐ (എം ) നെ ഇല്ലായ്മ ചെയ്യാൻ വെസ്റ്റ് ബംഗാളിൽ തൃണമൂൽ കോണ്ഗ്രസ് മാവോയിസ്റ്റുകളെ കൂട്ടുപിടിച്ചതിന്റെ തെളിവുകൾ സി.പി.ഐ (എം ) കേന്ദ്ര സർക്കാരിന് സമർപ്പിച്ചിരുന്നു. പക്ഷെ കേന്ദ്ര സര്ക്കാര് നടപടികള ഒന്നും സ്വീകരിച്ചിട്ടില്ല. സി.പി.ഐ (എം ) പ്രവർത്തകർ ഉൾപ്പടെയുള്ളവരെ മാവോയിസ്റ്റുകൾ കൊന്നൊടുക്കിയ സംഭവത്തെ കുറെ കുത്തക മാധ്യമങ്ങൾ കേവല ഇടതു വിരോധത്തിന്റെ പേരിൽ വാഴ്ത്തിപ്പാടിയതും സമൂഹത്തെ ഞെട്ടിച്ചിരുന്നു.
മാവോയിസ്റ്റുകൾക്ക് ഏറ്റെടുക്കാൻ പാകത്തിന് വിഷയങ്ങൾ ഭരണകുടം ഉണ്ടാക്കിയിട്ടുണ്ട്. മാവോയിസ്റ്റുകൾ അവരുടെ രാഷ്ട്രീയ പ്രചാരണങ്ങൾ ആയി ഉയർത്തുന്ന വിഷയങ്ങൾ ജന മനസ്സുകളെ ആകർഷിക്കുക തന്നെ ചെയ്യും. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളെ മാവോയിസ്റ്റുകൾ അഭിസംബോധന ചെയ്യുന്നു എന്ന പ്രതീതി ഉണ്ടാകും . പക്ഷെ ബദലുകളെ പറ്റി സംസാരിക്കാൻ അവര്ക്ക് കഴിയാതെ പോകുന്നു.സർക്കാർ ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടക്കാനും അവ പരിഹരിക്കാനുമുള്ള ഇച്ശാ ശക്തിയും ആർജ്ജവവും കാണിക്കണം. സൈനിക നടപടികള്ക്ക് മുൻപേ മാവൊയിസ്ട്ടുകലുമായി ചര്ച്ചയ്ക്ക് തയ്യാറാവുകയും, അവരുമായി സംവദിക്കുകയും വേണം. ലക്ഷങ്ങളും കൊടികളും മുടക്കി മാവോയിസ്റ്റ് വേട്ടയ്ക്ക് ഇറങ്ങുന്നതിനു മുൻപ് സർക്കാർ ആശയപരമായും രാഷ്ട്രീയമായും അവരെ നേരിടെണ്ടാതുണ്ട്. അവരുയർത്തുന്ന പ്രശ്നങ്ങളെ പരിഹരിക്കേണ്ടതുണ്ട്. ആദിവാസികൾ ഉൾപ്പടെയുള്ള ജന വിഭാഗങ്ങൾ തങ്ങൾക്കു മാവോയിസ്റ്റുകളെ ആവശ്യമില്ല എന്ന് പറയുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തണം. അതിനു സർക്കാർ ഉണർന്നു പ്രവർത്തിക്കുകയും തങ്ങളെ തെരഞ്ഞെടുത്ത ജനങ്ങളോടുള്ള ഉത്തരവാദിത്വം നിര്വ്വഹിക്കുകയും ചെയ്യണം. അല്ലാത്തിടത്തോളം കാലം മാവോയിസ്റ്റുകളെ ഭയക്കെണ്ടതുണ്ട്.