Tuesday, December 4, 2012

രാഷ്ട്രീയ ഉല്‍പ്പത്തി:-


രാഷ്ട്രീയ ഉല്‍പ്പത്തി:- 1ആദിയില്‍ രാഷ്ട്രീയം ഉണ്ടായിരുന്നു. അത് വ്യക്തിപരമായിരുന്നു. അത് കുറെ നിലപാടുകളുടെതും, പറച്ചിലുകളുടെതും, ചെയ്തികളുടെതും ഒക്കെ ആയിരുന്നു. 2 ആദിയില്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചു. നല്ലതെന്ന് കണ്ടു. സന്ധ്യയായി ഉഷസ്സുമായി , ഒന്നാം ദിവസം. 3 മനുഷ്യന്‍ നിരന്തരം
ഇരയാക്കപെട്ടിട്ടും ചോദ്യം ചെയ്യാത്തത് കണ്ടു സങ്കടപ്പെട്ട ദൈവം അവനു ബോധം നല്‍കി . മനുഷ്യന്‍ ചിരിച്ചു. ദൈവം നല്ലതെന്ന് കണ്ടു.സന്ധ്യയായി , ഉഷസ്സുമായി, രണ്ടാം ദിവസം. 4 മനുഷ്യന്‍റെ ചെറുത്തുനില്‍പ്പുകള്‍ക്ക് ആശയ വ്യക്തത ഇല്ലെന്നു കണ്ട ദൈവം ബുദ്ധിജീവികളെ സൃഷ്ട്ടിച്ചു. മൂന്നാം ദിവസം. 5 രാഷ്ട്രീയ പാര്‍ട്ടികള്‍, കോടികള്‍, മുദ്രാവാക്യങ്ങള്‍, രാഷ്ട്രീയ മുന്നേറ്റങ്ങള്‍. നാലാം ദിവസം. 6 പണ്ടാരമടങ്ങാന്‍ അഞ്ചാം ദിവസം ദൈവത്തിനു കയ്യബദ്ധം പറ്റി!!! ലബോറട്ടറിയില്‍ പണിയെടുത്തുകൊണ്ടിരുന്ന ദൈവത്തിനു ഒരു ഫോണ്‍ കോള്‍; ശ്രദ്ധ മാറി പോയി ; അധികാര കൊതി എന്ന പൂപ്പല്‍ ബാധ സൃഷ്ട്ടിക്കപെട്ടു. ലോകത്തുള്ള മിക്ക രാഷ്ട്രീയ മുന്നേറ്റങ്ങളെയും, രാഷ്ട്രീയക്കാരെയും , ബുദ്ധിജീവികളെയും ഈ പൂപ്പല്‍ ബാധിച്ചു. 7 ആറാം ദിവസം പൂപ്പല്‍ ബാധയ്ക്കെതിരെ ഉള്ള മരുന്നിനു ദൈവം ഗവേഷണം തുടങ്ങുന്നു.(വിത്ത്‌ JRF ). പൂപ്പല്‍ ബാധ മാറിയാല്‍ ഉടന്‍ ലോകം മികച്ചതാവുമെന്നും, അടിച്ചമര്‍ത്തലുകളും, ചൂഷണങ്ങളും, അവസാനിക്കുമെന്നും, തൊഴിലാളി വര്‍ഗ്ഗം ലോകം ഭരിക്കുമെന്നും, ലോകം പാലും തേനും ഒഴുകുന്ന സ്വര്‍ഗ്ഗമാകുമെന്നും പറഞ്ഞുകൊണ്ടുള്ള പത്രക്കുറിപ്പുമായി എന്നെയും നിന്നെയും , ഇവിടേയ്ക്ക് പറഞ്ഞുവിടുന്നു. ഒപ്പം, നമുക്ക് എഴുതാന്‍ പത്തു രൂപയുടെ പത്തു ജെല്‍ പേനയും, ഒരു കവര്‍ A4 വെള്ള പേപ്പറും പിന്നെ ഈ ബ്ലോഗും ഉണ്ടാകട്ടെ എന്ന് ദൈവം കല്‍പ്പിച്ചു , ഉണ്ടായി. 8 ഏഴാം ദിവസം ദൈവം കലണ്ടറില്‍ ചുവ്വപ്പ് മഷി കൊണ്ട് അടയാളപ്പെടുത്തി; Sunday is a holiday. 9 പക്ഷെ, ഉച്ച കഴിഞ്ഞ് പൂപ്പല്‍ ബാധയ്ക്കെതിരെയുള്ള ഗവേഷണത്തിന്‍റെ ഡോക്ടറല്‍ തീസിസ് സമര്‍പ്പിക്കെണ്ടതുള്ളത് കൊണ്ടും, സെമെസ്റ്റര്‍ എക്സ്റ്റന്‍ഷന്‍ തീര്‍ന്നത് കൊണ്ടും ദൈവം അപ്പോഴും തിരക്കിലായിരുന്നു.

1 comment:

  1. ee chuvanna sunday yil hrudayathe chuvappaniyikkunna suvishesha sandramaya suprabhatham ,sakhave.....

    ReplyDelete