Sunday, December 9, 2012

ദൈവത്തിനൊരു സങ്കട ഹര്‍ജ്ജി




ഏഴു ദിവസങ്ങള്‍ക്കൂടി മതിയാകും ഞങ്ങള്‍ക്ക്:- ദൈവത്തിനൊരു സങ്കട ഹര്‍ജ്ജി.

എനിക്കുമവള്‍ക്കും ഇഷ്ട്ടപെട്ട നിറം ചുവപ്പായതുകൊണ്ട് അതാഘോഷിക്കാന്‍ ഒരു ദിവസം. ചുവപ്പ് മഷികൊണ്ട് ഞങ്ങള്‍ക്ക് നിറയെ ചിത്രങ്ങള്‍ വരയ്ക്കണം. ചുവന്ന സൂര്യനെയും , ചുവന്ന നക്ഷത്രത്തെയും, ചുവന്ന പതാകയെയും ചുവന്ന നാടിനെയും ഞങ്ങള്‍ക്ക് വരയ്ക്കണം. രണ്ടാമത്തെ ദിവസം ഞങ്ങള്‍ക്ക് കൈകള്‍ കൊരുത്ത് നടക്കാനിറങ്ങണം; തെരുവുകളിലുടെ, പാവപ്പെട്ടവന്‍റെ കുടിലിലൂടെ. ജീവിതത്തിന്‍റെ മനോഹര നിമിഷങ്ങളിലൂടെ അന്ന് ഞങ്ങള്‍ കൈകള്‍ കൊരുത്ത് , പാട്ടുകള്‍ പാടി നടന്നു പോകും. മൂന്നാമത്തെ ദിവസം മുഴുവന്‍ ഞങ്ങള്‍ നിര്‍ത്താതെ ചിരിക്കയാകും. മനുഷ്യന്‍റെ നിര്‍ത്താതെയുള്ള ഓട്ടം കണ്ട്, അവന്‍റെ തിരക്ക് കണ്ട്. നാലാമത്തെ ദിവസം ഞങ്ങള്‍ ഇരുവരും ചേര്‍ന്ന് മണ്ണിനെയും മരത്തെയും പൂമ്പാറ്റ യെയും ചെടിയെയും പൂവിനെയുമെല്ലാം നിര്‍ത്താതെ ചുംബിക്കും. കാറ്റ് അവന്‍റെ കഥകള്‍ ഞങ്ങളോട് പറഞ്ഞ് തീരും വരെ ഞങ്ങള്‍ പാമ്പുകളെ പോലെ കെട്ടുപിണഞ്ഞ് ആ കാറ്റ ത്തങ്ങനെ നില്‍ക്കും . അഞ്ചാമത്തെ ദിവസം ഞങ്ങള്‍ ഒരുകെട്ട്‌ പുസ്തകം വായിക്കും. കഥകള്‍ , കവിതകള്‍, നോവലുകള്‍... ഞങ്ങള്‍ ആ രാത്രി മതിയാവോളം മദ്യപിക്കും, പുകവലിക്കും. അതുകഴിഞ്ഞ് ഞങ്ങള്‍ ഇരുവരും ചേര്‍ന്ന് ഉച്ചത്തില്‍ കവിതകള്‍ ചൊല്ലും, കഥകള്‍ പറയും. ആറാം ദിവസം ഞങ്ങള്‍ നഗ്നരായിക്കിടന്ന് പരസ്പരം ഉമ്മകള്‍ വയ്ക്കും . അവള്‍ എന്നിലും , ഞാന്‍ അവളിലും ജീവിതത്തിന്‍റെ മനോഹര ചിത്രങ്ങള്‍ വരയ്ക്കും. അന്ന് ലോകത്തുള്ള സകല ജീവജാലങ്ങളും നാണം കൊണ്ട് തങ്ങളുടെ തലകള്‍ താഴ്ത്തും. എഴാം ദിവസം ഞങ്ങള്‍ പരസ്പരം കണ്ണുകളില്‍ നോക്കിയിരിക്കും . ജീവിതം എത്ര മനോഹരമായിരുന്നുവെന്നു ഞങ്ങള്‍ പരസ്പരം പറയും. കാലിലെ തള്ളവിരല്‍ കൊണ്ട് കടല്‍ക്കരയിലെ മണലില്‍ നന്ദി എന്നാ വാക്ക് കുറിച്ചിട്ടു, കടലമ്മ തന്‍റെ തിരയാല്‍ അതിനെ മായിക്കുന്നതിന്‍ മുന്‍പ് ഞങ്ങള്‍ കടലിലേക്ക്‌ നടക്കാനിറങ്ങും. കാറ്റും തിരയും ചേര്‍ന്ന് ഞങ്ങളെ നിന്‍റെ അടുക്കലെതിക്കും...കാറ്റും തിരയും ചേര്‍ന്ന് ഞങ്ങളെ നിന്‍റെ അടുക്കലെതിക്കും.

No comments:

Post a Comment